അമരാവതി: മെഗാ ഡിഎസ്സി അധ്യാപക നിയമന അഴിമതിയിൽ ചന്ദ്രബാബു നായിഡു സർക്കാരിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി.
സംസ്ഥാനത്തെ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് നടക്കുന്നതെന്ന് ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു. നിലവിലെ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ അഴിമതിയുടെ യഥാർഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചന്ദ്രബാബു നായിഡു പ്രതികരിച്ചു.
ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ അധ്യാപക നിയമന പ്രക്രീയകളിൽ ഒന്നാണ് മെഗാ ഡിഎസ്സി. സംസ്ഥാനത്തുടനീളമുള്ള സർക്കാർ, മുനിസിപ്പൽ, വെൽഫെയർ സ്കൂളുകളിലെ അധ്യാപക തസ്തികകൾ നികത്തുന്നതിനായാണ് 2025-ൽ ഈ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ 16,000-ത്തോളം അധ്യാപക തസ്തികകളിലേക്കുള്ള നിയമന പ്രക്രിയയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു. ചോദ്യപേപ്പറിന്റെ സുരക്ഷ, ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്ന രീതി, സ്പോർട്സ് ക്വാട്ട നിയമനങ്ങൾ എന്നിവയിൽ വലിയ ആശങ്കകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്രമായ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ സത്യം പുറത്തുവരൂ എന്ന് ജഗൻമോഹൻ വ്യക്തമാക്കി. ക്രമക്കേടുകൾ എത്രത്തോളം വ്യാപകമാണെന്നും ഇതിന്റെ പ്രയോജനം ആർക്കൊക്കെയാണ് ലഭിച്ചതെന്നും കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപക നിയമന പ്രക്രിയയിലെ പ്രധാന ചുമതലകളെല്ലാം സർക്കാർ ഒരു കേന്ദ്രത്തിലേക്ക് മാത്രമായി ഒതുക്കിയെന്നും, സുതാര്യത ഉറപ്പാക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടുവെന്നും ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു. തസ്തികകൾ പണത്തിന്മേൽ വിൽക്കുകയാണെന്ന് വ്യക്തമാക്കുന്ന വീഡിയോകളും പരാതികളും പുറത്തുവന്നത് ഉദ്യോഗാർഥികൾക്കിടയിൽ കടുത്ത ആശങ്കയ്ക്കും സംശയങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരസ്യമായി മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് പകരം, തിരഞ്ഞെടുത്തവർക്ക് മാത്രം രഹസ്യമായി സന്ദേശങ്ങൾ അയക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികളെ തഴഞ്ഞ് ഇടനിലക്കാർ വഴി വൻ തുകയ്ക്കാണ് തസ്തികകൾ വിറ്റഴിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.